ആകെ പേജ്‌കാഴ്‌ചകള്‍

2018 ജൂലൈ 12, വ്യാഴാഴ്‌ച

തെളിയും... വരട്ടെ...


ചിതൽ പുറ്റുകൾ നിറഞ്ഞ ചെമ്പൻ മേട്, പച്ചപ്പ് ലവലേശമില്ല. പണ്ടെന്നോ തീപിടിച്ച് പാതി കരിഞ്ഞ് നിലംപതിച്ച ഒരു മരത്തിന്റെ തോടില്ലാത്ത മിനുസതയിൽ അയാൾ ആകാശം നോക്കി കിടന്നു. തടിയിലെ അവിടവിടെ ബാക്കിയിരുന്ന കരിക്കഷണങ്ങളിൽ അയാൾ നഖമാഴ്ത്തിക്കൊണ്ടിരുന്നു. ഉച്ചയാണ്, കാറ്റിൽ പുല്ലുകൾ ഉരസുന്ന ശീൽക്കാരശബ്ദം. മേലെ തൂവൽമേഘങ്ങൾ ചിതറിയ നീലാകാശം. ഒരു തീപ്പൊരി ചിതറി തെറിക്കുന്നതും അതൊരു വൻ തീയായി ആ ചെമ്പൻമേടിനെ ആകെ എരിക്കുന്നതും അയാൾ സങ്കൽപ്പിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ എല്ലാം എരിഞ്ഞു തീരും, കമ്പിയിൽ കറങ്ങുന്ന ഷവായിപോലെ താനീ കരിഞ്ഞ മരക്കൊമ്പിൽ...ആരും കാണില്ല, ആരും അറിയില്ല..മാൻ മിസ്സിംഗ്.. അടുത്ത മഴയത്തെ ആദ്യപുൽനാമ്പായി പുനർജനനം. പുൽക്കൊടികൾക്ക് ക്യാൻസർ വരുമോ?
ദൂരെയൊരു വെളിച്ചം അത് സൂര്യനാണോ? അല്ല സൂര്യൻ തലക്ക് മുകളിലുണ്ട്. അപ്പോൾ അതെന്താണ്.. തീ... അല്ല .. അത് തീയല്ല. കാറ്റിന് വേഗം കൂടി, കാറ്റ് വീശി അത് തണുത്തിരിക്കുന്നു, അൽഭുതം.. ഉണക്ക പുല്ലുകളിൽ അത് ശബ്ദമുണ്ടാക്കിയില്ല, കാതുകൾ ആരോ അമർത്തി അടച്ചതു പോലെയുണ്ട്, നിശബ്ദതയ്ക്ക് താങ്ങാനാകാത്ത കനം, വെയിലുണ്ട് പക്ഷേ ചൂടില്ല... അതാ ആ പ്രകാശം അടുത്തു വരുന്നു... ഹൃദയമിടിപ്പ് ശരീരത്തിലാകമാനം പ്രതിധ്വനിക്കുന്നു... ശരീരം അതിൽ വിറകൊള്ളുന്നു. അതേ ഇത് മരണമാണ്.. ഡോക്ടർമാർ വിധിച്ച സമയത്തെ അത് തെറ്റിച്ചിട്ടില്ല.. ചെമ്പൻമേട് രക്ഷപ്പെട്ടിരിക്കുന്നു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ