ആകെ പേജ്‌കാഴ്‌ചകള്‍

2018 ജൂലൈ 12, വ്യാഴാഴ്‌ച

ധ്യാനം


ധ്യാനം
ഊർജ ഉറവയായ പ്രപഞ്ചനാഥന്റെ സ്ഥായീ ഭാവം ആനന്ദം, അത് അനിർവചനീയമായൊരു നിറവാണ്. വിശാലമായ പുൽമേടുകളിൽ, അനന്തതയിലേക്ക്  നീളുന്ന താഴ് വാര കാഴ്ചകളിൽ, നിശബ്ദമായൊരു കടും പച്ച കാട്ടിൽ, നിലാമഞ്ഞിറങ്ങി തണുത്ത ഗ്രാമ വീഥികളിൽ, പതഞ്ഞൊഴുകുന്ന അരുവികളിൽ, ഹിമാലയത്തിന്റെയും, സഹ്യന്റെയും ഉത്തുംഗ ശൃംഗങ്ങളിൽ അങ്ങനെ സ്രഷ്ടാവിന്റെ എല്ലാ ഊർജ കഷണങ്ങളിലും ആ പ്രൗഢഗംഭീരമായ നിഗൂഢ ആനന്ദം നിറഞ്ഞിരിക്കുന്നു.  ജീവിതത്തിൽ ഒരിക്കലെങ്കിലും,  അൽപനേരത്തേക്കെങ്കിലും, ഞാനുമതിനെ അറിഞ്ഞുപോയി. പറയാൻ വാക്കുകളില്ലാതെ നിന്നുപോയ ആ നേരത്ത്, നിറഞ്ഞ നിശബ്ദയിൽ എന്നാൽ ഹൃദയനാദം ഒരു ഇടയ്ക്ക താളം പോൽ തെളിഞ്ഞു കേൾക്കുന്ന,  കണ്ണുകൾ നിറഞ്ഞ് തുളളികളായ്‌ പൊഴിഞ്ഞുകൊണ്ടിരുന്ന പൂർണ സ്നേഹത്തിന്റെ അൽപ നിമിഷങ്ങൾ. അതിനെ ഞാനെങ്ങനെ നിർവചിക്കാനാണ്? മാംസബദ്ധമല്ലാത്ത ആ ആനന്ദ കാന്തം ഇപ്പോഴും എല്ലാത്തിലുമിരുന്ന്  എന്നെ  വലിച്ചുകൊണ്ടിരിക്കുന്നു...അത് നിരന്തരം മന്ത്രിച്ചുകൊണ്ടിരിക്കുന്നു.. നീ തെളിഞ്ഞ തടാകത്തിൽ ആഴങ്ങൾ മനോഹരമാകുന്നതു കണ്ടില്ലേ...  നീ  നിന്റെ തിരയടങ്ങിയ ഉള്ളിലേയ്ക്കു നോക്കൂ...നിരന്തരമായി തേടൂ... എന്നെയറിയൂ.. എന്നിലേക്കു മടങ്ങൂ... ഊർജമേ..നീ ജീവാനന്ദമാണ് നിനക്ക് പരമാനന്ദത്തിലേക്ക് ഒഴുകാതിരിക്കാനാകില്ല..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ