ആകെ പേജ്‌കാഴ്‌ചകള്‍

2018 ജൂലൈ 12, വ്യാഴാഴ്‌ച

കൈ തൊടുന്ന ദൈവം: (ദൈവം പരമമായ അനുഭവിക്കാൻ കഴിയുന്ന ഊർജം)

ലോകമാനമുള്ള 99% മതങ്ങളിലും (മതം ഒരു ചിന്താധാരയെന്ന അർത്ഥത്തിൽ) പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഏക ആശയം 'ദൈവം' എന്ന സങ്കൽപ്പമാണ് (നാസ്തിക മതങ്ങളെ മറന്നിട്ടില്ല). പക്ഷെ ദൈവത്തിന്റെ അസ്തിത്വം, നിർവചനം, ഭാവം,ഏക-അനേക സ്വരൂപങ്ങളെക്കുറിച്ചുള്ള ധാരണ എന്നിവയിലാണ് മിക്ക മതങ്ങൾക്കും ഒത്തു പോകാനാകാതെ വരുന്നത്. ഏകനായ ദൈവം, അനേക രൂപങ്ങളിൽ അവതരിക്കുന്ന ദൈവം , അനിഷേധ്യനായ ദൈവം, കാരുണ്യവാനായ ദൈവം, രക്ഷകനായ ദൈവം എന്നിങ്ങനെ ദൈവ സങ്കൽപ്പം പലരീതിയിൽ കാല ദേശങ്ങൾക്കനുസൃതമായി വ്യത്യസ്തപ്പെട്ടിരിക്കുന്നു. അത്തരം വ്യത്യാസങ്ങൾക്ക് അനുസൃതമായാണ് വിവിധ മതവിശ്വാസകളുടെ ജീവിതങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ചില മനുഷ്യർക്ക് അനുഭവപ്പെട്ട ദൈവാനുഭവത്തിൽ നിന്നാണ് പല മതങ്ങളുടെയും അടിസ്ഥാന തത്വങ്ങൾ രൂപീകൃതമായിരിക്കുന്നതെന്ന് കാണാവുന്നതാണ്. ഉദാഹരണത്തിന് നബി തിരുമേനി, അബ്രഹാം, മോസസ്, യേശു ദേവൻ, ശ്രീബുദ്ധൻ എന്നിവരുടെയെല്ലാം ദൈവാനുഭവങ്ങൾ. അത്തരം അവതാരങ്ങൾ പറഞ്ഞും പ്രവർത്തിച്ചും പ്രതിഫലിപ്പിച്ച അവരുടെ ദൈവാനുഭവങ്ങൾ വിശ്വാസികൾ, ശിഷ്യൻമാർ, പ്രചാരകർ, അനുയായികൾ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ജനങ്ങളിലൂടെ കാലദേശങ്ങൾ താണ്ടി വിവിധ ചിന്താധാരകളായി, സ്ഥാപനവൽക്കരിക്കപ്പെട്ട് മതമായി മാറി (കൊടി, ചിഹ്നം, ഗ്രന്ഥം, പ്രാർത്ഥനാ സമ്പ്രദായങ്ങൾ, രീതികൾ, നിബന്ധനകൾ എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്ന ജീവിതത്തെ നിർവചിക്കുന്ന ഇന്നത്തെ "മതം" ). ഈ പ്രക്രിയയിൽ പൊതുവായി സംഭവിച്ചു കഴിഞ്ഞ ചിലകാര്യങ്ങൾ എന്തൊക്കെ ആയിരിക്കും?
യഥാർത്ഥ "ദൈവം" അനുഭവമായിരുന്നു. അനുഭവം ദൃശ്യം, ശബ്ദം, ഗന്ധം, സ്പർശം, സ്നേഹം, ഭയം, നിശബ്ദത, അത്ഭുതം, ചിന്ത എന്നിവയുടെ സമ്മിശ്രമായിരുന്നു (പഞ്ചേന്ദ്രീയങ്ങൾക്ക് നിർവചിക്കാൻ കഴിയാത്ത അനുഭവങ്ങളും ഉണ്ട്, ഉദ: ഇലക്ട്രിക് ഷോക്ക്, പ്രണയം).അനുഭവിച്ചറിയുന്നവർ കുറവായിരുന്നു. അനുഭവിച്ചറിഞ്ഞ പലരും വിസ്താര ഭയത്തിനാലോ, ആകെ നിറഞ്ഞു പോയതിനാലോ, അനിർവചനീയമായ മറ്റ് കാരണങ്ങളാലോ നിശബ്ദരായി മാറി. അനുഭവിച്ചറിഞ്ഞവരിൽ ചിലർ ആ അനുഭവം മറ്റുളളവർക്കൂടി ലഭിക്കട്ടേയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു അവർ പ്രവാചകരായി. പ്രവാചകർ, അവർ അനുഗ്രഹിക്കപ്പെട്ടവരായിട്ടു പോലും തങ്ങളുടെ അനുഭവം പങ്കുവക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങൾ അനുഭവിച്ചിരിക്കണം. (അനുഭവം അറിയേണ്ടത് അത് അനുഭവിച്ച് തന്നെയാണ്. ഊട്ടിയിലെ കുളിരും മരുഭൂമിയിലെ ചൂടും നിർവചനങ്ങളാലൊ, വിശദീകരണങ്ങളാലോ അനുഭവിക്കാൻ കഴിയില്ല, അത് അനുഭവിക്കുക തന്നെ വേണം) അതിനാൽ  തന്നെ ദൈവാനുഭം അറിയാനെത്തിയ പലരും കേൾവിക്കാരും, പ്രാസംഗികരും വായനക്കാരുമായി മാറി അവർ അവരുടേതായ കൂട്ടിച്ചേർക്കലുകളും വ്യാഖ്യാനങ്ങളും ചമച്ചു. ആത്മീയമായും, മാനസികമായും, ഭൗതീകമായും മാറ്റങ്ങൾ ഉണ്ടായതിനാൽ ജനം വിശ്വസിച്ചു പക്ഷേ അവർ ദൈവത്തെ അനുഭവിച്ചില്ല.
ചില പ്രവാചകർ വാഖ്യാനങ്ങളും കൂട്ടിച്ചേർക്കലുകളും ജനത്തെ ദൈവത്തിൽ നിന്നകറ്റുമെന്ന് മുൻപേ മനസിലാക്കി. അവർ ദൈവാനുഭവ ലബ്ദിക്കായി അവർത്തിക്കേണ്ട ചിട്ടയായ നിബന്ധനകൾ കൊണ്ടുവന്നു, തന്റെ ജീവിതം കൊണ്ട് തന്നെ ആ വഴികൾ ഉദാഹരിക്കുകയും ചെയ്തു എങ്കിലും പൂർണ ഫലം ഉണ്ടായില്ല. പാഠവും, അദ്ധ്യാപകനും നന്നായിട്ട് കാര്യമില്ലല്ലോ? പഠിതാവിന്റെ ശ്രദ്ധ ലക്ഷ്യത്തിലല്ലങ്കിൽ സംഭവിക്കാവുന്ന കാര്യങ്ങൾ തന്നെ സംഭവിച്ചു. അദ്ധ്യയനം നടന്നുകൊണ്ടിരുന്നു, ഒന്നോ രണ്ടു പേർ ലക്ഷ്യ പ്രാപ്തിയലെത്തി അധികം പേരും തോറ്റു (എല്ലാവർക്കും എല്ലാം മനസിലായി കൊള്ളണമെന്നില്ല). തോറ്റവർ അദ്ധ്യയനത്തെയും അദ്ധ്യാപകരേയും കുറ്റപ്പെടുത്തി...അങ്ങനെയും ചില വ്യാഖ്യാനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. വ്യാഖ്യാനങ്ങളിലൂടെയും പഠനങ്ങളിലൂടെയും മതം ശക്തിപ്പെട്ടു. ദൈവം മതത്തിൽ മുങ്ങിപ്പോയി. മതാതീതനായ ദൈവം ഉണ്ടെന്ന് കരുതുന്നതു പോലും തെറ്റായി മാറി. ദൈവത്തെ ഊർജമായി അനുഭവിക്കാൻ കഴിയാതെ പരാജയപ്പെട്ടവർ ദൈവത്തിന് മനുഷ്യന്റെ മാത്രം ഭാവങ്ങൾ നൽകി. അങ്ങനെ ദൈവം കോപിഷ്ടനും, ശിക്ഷകനും,  പരിതപിക്കുന്നവനും, ദുർമോഹിയുമാക്കി മാറ്റി.. ആൾദൈവങ്ങളുണ്ടായി, അനുനായികളുമുണ്ടായി.
(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ