തരംഗംപാടി : തിരമാലകളുടെ പാട്ട് എന്നൊക്കെ പറയാന്‍ തോന്നും കേട്ടാല്‍.പക്ഷെ ഇതൊരു സ്ഥലമാണ്. തമിഴ്നാടില്‍ കടലൂരിനടുത്തുള്ള (പോണ്ടിച്ചേരി) ഒരു ചെറിയ കടലോര ഗ്രാമം. ഒരു ബുള്ളറ്റു മോട്ടോര്‍ സൈക്കിള്‍ വാങ്ങാനാണ് ഞാന്‍ അവിടെ എത്തിയത് പക്ഷെ ഒരു നല്ല വണ്ടി ഒത്തുകിട്ടാത്തതിനാല്‍ നാല് ദിവസം അവിടെ തങ്ങേണ്ടതായി വന്നു. അല്ല ആരോ അങ്ങനെ വരുത്തി എന്ന് പറയുന്നതാവും ശരി. ഉപ്പു കാറ്റിലും ചവിട്ടി നില്‍കുന്ന മണ്ണിലും പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് തങ്ങി നില്‍ക്കുന്നതായി അനുഭവം . ശ്വാസം കിട്ടാതെ പിടയുന്ന ഒരുകൂട്ടം പരല്‍ മീനുകളുടെ ചിത്രം മനസ്സില്‍ മാറി മാറി വരുന്നു. എത്ര വിചാരിച്ചിട്ടും മായ്കാനാവാതെ അത് തികട്ടി തികട്ടി വരുന്നു. പണ്ട് തോട്ടില്‍ നിന്നും ചൂണ്ടയില്‍ പിടിച്ച മീനിന്‍റെ അവസാന ശ്വാസം എന്നെ പേടിപ്പിച്ചതുപോലെ... മോശം സമയങ്ങളില്‍ എനിക്ക് ഇങ്ങനയൊക്കെ തോന്നാറുണ്ട് ..
....രണ്ടാം ദിവസം ഞാന്‍ അറിയുന്നു ചവിട്ടി നില്കുന്നത് നൂറുകണക്കിന് ജീവനുകള്‍ കടലെടുത്ത ..ഒരു പാട് കുട്ടികളുടെ ശ്വാസം അമര്‍ന്നുപോയ മണ്ണില്‍ ആണെന്ന്. രണ്ടായിരത്തി നാല് ഡിസംബറിലെ സുനാമിയില്‍ പാടെ തകര്‍ന്നുപോയ തരംഗംപാടിയിലെ മരണത്തിന്‍റെ തണുത്ത ഗന്ധം..അത് എന്നെ കരയിപ്പിക്കുന്നു.. അന്ന് ചൂണ്ടയില്‍ കൊരുത്ത മീനുമായി ഞാന്‍ വരുമ്പോള്‍ എന്നെ കരയിച്ച അതെ ഗന്ധം. അപ്പോള്‍ എന്‍റെ അയല്‍ക്കാരിയായ കംമാട്ടി അമ്മൂമ്മ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.."ഒരു ജീവിയേയും ആഹാരം തരാമെന്നു പറഞ്ഞു മോഹിപ്പിച്ചു കൊല്ലരുത് ..ചൂണ്ട അന്യായമാണ് .. അത് പാപമാണ്" ..ഞാനറിയുന്നു...മരണ വേദന അത് എനിക്കും നിനക്കും സര്‍വ ചരങ്ങള്‍ക്കും ഒരു പോലെയാണ്.
....ഇന്ന് ഈ ഇരുപത്തി എട്ടാം വയസില്‍ എന്‍റെ ആത്മാവ് സര്‍വ ജീവന്‍റെയുംഏകത്തെ അറിയുന്നു ..ശ്വാസം മുട്ടി മരിച്ച മീനിനും മനുഷ്യനും അത് ഒന്നേ ഉള്ളു ....അത് തന്നെയല്ലേ എന്‍റെ അടച്ച കണ്ണുകള്‍ക്ക് പുറകില്‍ ഞാന്‍ കണ്ട അദ്വൈതം ?