ആകെ പേജ്‌കാഴ്‌ചകള്‍

2011 ഏപ്രിൽ 16, ശനിയാഴ്‌ച

ചില മഴ മുറിവുകള്‍



പ്രായം ഏഴ് :

                      കോരിച്ചോരിയുന്ന ഇടവപ്പാതി, മുക്കാലും അടഞ്ഞ ജനല്‍ പാളികള്‍കിടയിലൂടെ ഭീതിപൂണ്ട രണ്ടു കണ്ണുകള്‍.... പുറത്തുപടിയില്‍ ദാസന്‍കുട്ടി .. പിള്ളേരെ വെള്ളത്തില്‍ മുക്കി  കൊല്ലുന്ന ഭ്രാന്തന്‍ ദാസന്‍കുട്ടി.....അവര്‍ക്കിടയില്‍..ഓവില്‍ നിന്നും ചെമ്പ് കുട്ടുകത്തിലേക്കു ആര്‍ത്തലച്ചു വീഴുന്ന മഴവെള്ളം...പഞ്ചാര മണലിന്മേല്‍ ഒഴുകിപരന്ന വെള്ളത്തില്‍ കുമിളകള്‍ ജനിക്കുകയും മരിക്കുകയും  ചെയ്തുകൊണ്ടിരുന്നു.അവന്‍റെ കയ്യില്‍ ഒന്നിലേറെ കടലാസ് തോണികള്‍ ഉണ്ടായിരുന്നിട്ടും അവന്‍ പുറത്തിറങ്ങിയില്ല...പുറത്തിറങ്ങാനായില്ല..മഴ തോര്‍ന്നു തുടങ്ങി. ..വെളിയില്‍ വെള്ള വെളിച്ചം ..ചിനുങ്ങുന്ന ചാറ്റലിലൂടെ ഭ്രാന്തന്‍ പുലമ്പികൊണ്ട് നടന്നു നീങ്ങി.....അപ്പോഴും  കുമിളകള്‍ പൊട്ടുന്നുണ്ടായിരുന്നു ...അവന്‍ ഉറക്കെ പാടി " മഴപെയ്തു മാനം തെളിഞ്ഞ നേരം ..തൊടിയിലെ തേന്‍ മാവിന്‍ ചോട്ടില്‍..."അവന്‍ തോണികള്‍ ഒഴുക്കാന്‍ മറന്നുപോയി ..പക്ഷെ ഇപ്പോഴും എനിക്ക് ആ പാട്ട്  ഇഷ്ടമാണ് ....

പ്രായം പത്ത്: 


തുലാമഴ പെയ്തു നിറഞ്ഞ  ആ ചൂള കുളത്തിലേക്ക്‌ ഇറങ്ങിയതും  ..അരയോളം ചെളിയില്‍ അവന്‍  ആഴ്ന്നു പോയി. കൈ  കുത്തിയ ഇടെത്തെല്ലാം   താഴ്ന്നു താഴ്ന്നു പോകുന്ന നനഞ്ഞ മണ്ണ് ...മരണത്തിന്‍റെ  ഈര്‍പ്പം  ശ്വാസത്തില്‍ ..മാഞ്ഞുകൊണ്ടിരുന്ന ബോധത്തിന്‍റെ കറുപ്പിലേക്ക്‌ രണ്ടുകൈകള്‍ ഇറങ്ങി വന്നു അത് ..ആരുടേതാണെന്ന് ഇന്നും എനിക്ക് ഓര്‍മ്മയില്ല ..

പ്രായം പതിനഞ്ച്: 


പെയ്തു തോര്‍ന്നൊരു വേനല്‍ മഴ. ഗുല്‍മോഹറുകള്‍ പൂക്കള്‍ പൊഴിച്ച സ്കൂള്‍ പടവുകളിലൂടെ അവള്‍ നടന്നു നീങ്ങി ..അപ്പോള്‍  മാത്രം കയ്യില്‍ കിട്ടിയ എസ് എസ് എല്‍ സി ബുക്കിന്‍റെ കറുത്ത മഷിയിലേക്ക്‌ ഒരു തുള്ളിപെയ്തു ...മാര്‍ക്കിനുമേല്‍ മറ്റൊരു മാര്‍ക്ക്‌ ആയി അതിപ്പോഴും....

പ്രായം ഇരുപത്‌: 


മറ്റൊരു തുലാ വര്‍ഷം..തീ പിടിച്ച ചിന്തകള്‍ക്കുമേല്‍..മഴഗന്ധം വീശി.. തണുപ്പ് നിറഞ്ഞ ജനാലകള്‍ക്കും അപ്പുറം ഒരു കവിത തേടി ..കിട്ടിയില്ല ..കണ്ണുകള്‍ക്ക്  പുറകില്‍ ഒരു കടല്‍  എഴുതാതെ കിടന്നു ..അത്ര തന്നെ...കണ്ണുനീരില്‍ ക്ഷോഭം ..

പ്രായം ഇരുപത്തിയേഴ്: 


അങ്ങകലെ ചതുര ഗിരിയുടെ വിശുധ്ധിക്കുമേല്‍  ..കാറ്റും മഴയും..ഗിരിശൃംഗങ്ങള്‍ക്കുമേല്‍  ഞങ്ങള്‍ വരി വരിയായി നടന്നു... വശങ്ങളില്‍  മേഘ ഗര്‍ജനം ..മിന്നല്‍ പിണരുകള്‍.....ജീവന്‍റെയും മരണത്തിന്‍റെയും അതിര്‍ത്തിയില്‍ കരിമേഘങ്ങള്‍ പെയ്തുകൊണ്ടിരുന്നു ..സിദ്ധന്മാരുടെ തവസി ഗുഹയിലെ അനുഗ്രഹീത നിമിഷങ്ങള്‍....പറയാം, മുറിവുണക്കിയ ആ നിമിഷങ്ങളെ കുറിച്ചു പിന്നൊരിക്കല്‍... അടഞ്ഞ കണ്ണുകള്‍ക്ക്‌ പുറകില്‍ നിന്ന് .

5 അഭിപ്രായങ്ങൾ: